ഓട്ടവ : രാജ്യത്ത് ഭവനപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വീടുകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന നിർദ്ദേശവുമായി കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (CMHC). സാധാരണക്കാർക്കും വീടുകൾ വാങ്ങാവുന്ന അവസ്ഥയിലേക്ക് ഭവനവിപണിയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിലവിലെ വാർഷിക ഭവനനിർമ്മാണ നിരക്ക് ഇരട്ടിയാക്കണമെന്ന് ഹൗസിങ് കോർപ്പറേഷൻ നിർദ്ദേശിക്കുന്നു.

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് 2035 വരെ പ്രതിവർഷം 430,000 മുതൽ 480,000 വരെ വീടുകൾ നിർമ്മിക്കണമെന്ന് CMHC കണക്കാക്കുന്നു. എന്നാൽ, നിലവിൽ പ്രതിവർഷം ഏകദേശം 250,000 വീടുകൾ മാത്രമാണ് നിർമ്മിക്കുന്നത്. അഞ്ച് വർഷം മുമ്പത്തെ ഭവനവിപണി സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെട്രോ വൻകൂവർ, ഗ്രേറ്റർ ടൊറൻ്റോ തുടങ്ങിയ നഗരങ്ങളിൽ ഇപ്പോൾ വീടുകൾ വാങ്ങുക എന്നത് ബുദ്ധിമുട്ടായിരിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2019-ൽ മെട്രോ വൻകൂവറിൽ ഒരു വീട് വാങ്ങാൻ ആളുകൾക്ക് അവരുടെ വാർഷിക വരുമാനത്തിന്‍റെ 71% ആവശ്യമായിരുന്നു. എന്നാൽ, 2024 ആയപ്പോഴേക്കും അത് 99 ശതമാനമായി ഉയർന്നതായി കോർപ്പറേഷൻ പറയുന്നു. ടൊറൻ്റോയിൽ ഇത് 59 ശതമാനത്തിൽ നിന്നും 74 ശതമാനമായി ഉയർന്നു. നോവസ്കോഷ, ന്യൂബ്രൺസ്വിക്, മാനിറ്റോബ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യാസമല്ല.