Monday, August 18, 2025

കാല്‍ഗറിയിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ അച്ഛനും മകളും മരിച്ചു

കാല്‍ഗറി : വടക്കുകിഴക്കൻ കാല്‍ഗറിയിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ അച്ഛനും മകളും മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ താരാലേക്ക് വേ NE-യിലുള്ള രണ്ടുനില വീടിനാണ് തീപിടിച്ചതെന്ന് കാല്‍ഗറി പൊലീസ് അറിയിച്ചു. 50 വയസ്സുള്ള സണ്ണി ഗില്ലും ഒമ്പത് വയസ്സുള്ള മകൾ ഹാര്‍ഗുണ്‍ ഗില്ലുമാണ് മരിച്ചത്. തീപിടിത്തത്തിൽ സണ്ണി ഗില്ലിന്‍റെ ഭാര്യ സുകി ഗില്ലിനും മകൻ 17 വയസ്സുള്ള രോഹന്‍പ്രീത് ഗില്ലിനും പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്ത സമയത്ത് ആറ് പേർ വീടിനുള്ളിൽ ഉണ്ടായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ അഗ്നിശമനസേനാംഗങ്ങൾ രണ്ട് നിലകളുള്ള ഒരു വീടിന്‍റെ ഒന്നാം നിലയിലും രണ്ടാം നിലയിലും തീപടർന്നതായി കണ്ടെത്തി. തീ അയൽപക്ക വീടുകൾക്കും ഭീഷണി ഉയർത്തിയതായി കാല്‍ഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ് (CFD) അറിയിച്ചു. വീടിനുള്ളിൽ പ്രവേശിച്ച അഗ്നിശമനസേനാംഗങ്ങൾ സണ്ണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നിന്നും ഹാര്‍ഗുണ്‍ ഗില്ലിനെ പുറത്തെത്തിച്ച് ഗുരുതരാവസ്ഥയിൽ ആൽബർട്ട ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാം നിലയിലായിരുന്ന സുകിയും റോഹൻപ്രീതും വീടിന്‍റെ പിൻഭാഗത്തെ ജനൽ തകർത്ത് മേൽക്കൂരയിലേക്ക് കയറാൻ പറ്റി. ഇരുവരെയും അഗ്നിശമനസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഇരുവരെയും യഥാക്രമം ഫൂട്ട്ഹിൽസ് ആശുപത്രിയിലും ആൽബർട്ട ചിൽഡ്രൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന്‍റെ ബേസ്മെൻ്റിലുണ്ടായിരുന്ന രണ്ട് പേർക്ക് തീപിടിത്തം ആരംഭിച്ച ഉടൻ രക്ഷപ്പെടാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!