Monday, November 3, 2025

സെൻ്റ് ലോറൻസ് നദിയിൽ കുടിയേറ്റക്കാർ മുങ്ങിമരിച്ച സംഭവം: കാനഡ-യുഎസ് പൗരൻ കസ്റ്റഡിയിൽ

വാഷിംഗ്ടൺ ഡി സി : സെൻ്റ് ലോറൻസ് നദിയിൽ എട്ട് അനധികൃത കുടിയേറ്റക്കാർ മുങ്ങിമരിച്ച സംഭവത്തിൽ കനേഡിയൻ-യുഎസ് പൗരൻ അറസ്റ്റിലായതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ജൂൺ 15 ന് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരട്ടപൗരത്വമുള്ള തിമോത്തി ഓക്സ് (34) അറസ്റ്റിലായത്. കെബെക്ക് ആക്വെസസൻ മോഹോക് സ്വദേശിയായ തിമോത്തി ഓക്സ് കസ്റ്റഡിയിൽ തുടരുന്നതായി നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് കോടതി റിപ്പോർട്ട് ചെയ്തു.

കാനഡയിൽ നിന്ന് അനധികൃതമായി ആളുകളെ സെൻ്റ് ലോറൻസ് നദിക്ക് കുറുകെ അമേരിക്കയിലേക്ക് കടത്താൻ ഗൂഢാലോചന നടത്തിയതിന് ഏപ്രിലിൽ ഓക്സ് കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചിരുന്നു. കൂടാതെ ഇയാൾ മനുഷ്യക്കടത്തിൽ ഒരു പ്രധാന സഹായിയായിരുന്നുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

2023 മാർച്ചിൽ കെബെക്ക്, ഒൻ്റാരിയോ, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഫസ്റ്റ് നേഷൻസ് പ്രദേശമായ ആക്വെസസനെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ മുങ്ങിമരിച്ചത്. മാർച്ച് 30, 31 തീയതികളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ചൗധരി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാല് ഇന്ത്യക്കാർ. പ്രവീൺഭായ് ചൗധരി (50), 45 വയസ്സുള്ള ഭാര്യ ദക്ഷബെൻ, 20 വയസ്സുള്ള മകൻ മീറ്റ്, മകൾ വിധി (23) എന്നിവരാണ് മുങ്ങിമരിച്ചത്. കൂടാതെ റൊമാനിയൻ പൗരനായ ഫ്ലോറിൻ ഇയോർഡാഷെ (28), ഭാര്യ ക്രിസ്റ്റീന (മൊണാലിസ) സെനൈഡ ഇയോർഡാഷെ (28), അവരുടെ രണ്ടു വയസ്സുള്ള മകൾ എവ്ലിൻ, ഒപ്പം ഒരു വയസ്സുള്ള മകൻ എലിൻ എന്നിവരുമാണ് മരിച്ചത്. രണ്ട് കുട്ടികളും കനേഡിയൻ പൗരന്മാരായിരുന്നു. 2023 മാർച്ച് 30, 31 തീയതികളിൽ മൺട്രിയോളിൽ നിന്ന് 130 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ആക്വെസസനെ നദിയിൽ നിന്നാണ് കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!