വാഷിംഗ്ടൺ ഡി സി : മാസങ്ങൾക്കുള്ളിൽ രണ്ടാംവട്ടവും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്. ബുധനാഴ്ച ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുകൾ അയയ്ക്കാൻ തുടങ്ങിയതായി കമ്പനി സ്ഥിരീകരിച്ചു. എന്നാൽ, എത്ര പേരെ പിരിച്ചുവിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം സെയിൽസ് ഡിവിഷൻ, എക്സ്ബോക്സ് വിഡിയോ ഗെയിം ബിസിനസ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഒന്നിലധികം ടീമുകളെ വെട്ടിക്കുറയ്ക്കൽ ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

ആഗോളതലത്തിൽ കഴിഞ്ഞ ജൂൺ വരെ 228,000 മുഴുവൻ സമയ ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. ഏറ്റവും പുതിയ പിരിച്ചുവിടലുകൾ ആ ജീവനക്കാരുടെ നാല് ശതമാനത്തോളം കുറയ്ക്കുമെന്ന് കമ്പനി പറയുന്നു. അത് ഏകദേശം 9,000 ജീവനക്കാരായിരിക്കും. മെയ് മാസത്തിൽ കമ്പനി 6,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.