ഓട്ടവ : പ്രൈറിസ്, മാരിടൈംസ് പ്രവിശ്യകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. വളരെ ഉയർന്ന താപനിലയോ ഈർപ്പം അവസ്ഥയോ ഹീറ്റ് സ്ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ നൽകി. ബുധനാഴ്ച താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കിഴക്കൻ ആൽബർട്ട, തെക്കൻ സസ്കാച്വാൻ എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. ആൽബർട്ടയിലെ എഡ്മിന്‍റൻ, കാൽഗറി, സസ്കാച്വാനിലെ ലെയ്ഡ്മിൻസ്റ്റർ, മൂസ് ജാ എന്നിവ ബാധിത നഗരങ്ങളിലും കമ്മ്യൂണിറ്റികളിലും ഉൾപ്പെടുന്നു. എന്നാൽ, മേഖലയിൽ ആശ്വാസം പകർന്ന് വ്യാഴാഴ്ച മുതൽ തണുത്ത കാലാവസ്ഥാ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കൂടാതെ തീരപ്രദേശങ്ങളിൽ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാം.

മാരിടൈംസിൽ മധ്യ, തെക്കൻ ന്യൂബ്രൺസ്വിക് , നോവസ്കോഷയുടെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങൾ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവിടങ്ങളിൽ കടുത്ത ചൂട് പ്രതീക്ഷിക്കുന്നു. അവിടെ ബുധനാഴ്ചയും വ്യാഴാഴ്ചയും പകൽ സമയത്ത് താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്താം.

അതേസമയം കാട്ടുതീയിൽ നിന്നുള്ള പുക, പശ്ചിമ, വടക്കൻ കാനഡയുടെ ചില ഭാഗങ്ങളിൽ വായൂമലിനീകരണം രൂക്ഷമാക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ബാധിത പ്രദേശങ്ങളിൽ വടക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയ, വടക്കുപടിഞ്ഞാറൻ ആൽബർട്ട, മധ്യ സസ്കാച്വാൻ, പടിഞ്ഞാറൻ മാനിറ്റോബ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നഗരങ്ങളായ ഫോർട്ട് ലിയാർഡ്, ഫോർട്ട് സിംപ്സൺ, നോർത്ത് സ്ലേവ് റീജിയൻ എന്നിവിടങ്ങൾ ഉൾപ്പെടുന്നു.