വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റണിനടുത്ത് രണ്ടു കാട്ടുതീകൾ പടർന്നു പിടിച്ചതോടെ തോംസൺ-നിക്കോള റീജനൽ ഡിസ്ട്രിക്റ്റ് ബ്ലൂ സ്കൈ കൺട്രി മേഖലയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടാതെ സ്പെൻസർ റോഡ് സൗത്തിലെ രണ്ട് പ്രോപ്പർട്ടികളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. മൗണ്ട് സ്കാച്ചാർഡ് കാട്ടുതീ, നികായ ക്രീക്ക് കാട്ടുതീ എന്നിവയാണ് ഈ മേഖലയിൽ ഭീഷണിയുയർത്തുന്നത്.

നികായ ക്രീക്ക് കാട്ടുതീ ഏകദേശം ആറ് ഹെക്ടർ വിസ്തൃതിയിൽ പടർന്നിട്ടുണ്ടെന്നും പ്രവിശ്യയിലുടനീളം കത്തുന്ന എഴുപതിലധികം കാട്ടുതീകളിൽ ഒന്നാണിതെന്നും ബിസി വൈൽഡ് ഫയർ സർവീസ് പറയുന്നു. അതിവേഗം വളരുന്ന മൗണ്ട് സ്കാച്ചാർഡ് കാട്ടുതീ കാരണം ബ്രിട്ടീഷ് കൊളംബിയയിലെ ചേസിനടുത്തുള്ള ഹാർപ്പർ ലേക്ക് പ്രദേശത്തെ ഒമ്പത് പ്രോപ്പർട്ടികളിൽ നിന്ന് തിങ്കളാഴ്ച രാത്രി തോംസൺ-നിക്കോള റീജിയണൽ ഡിസ്ട്രിക്റ്റ് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി.

പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും ഈ ആഴ്ച ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ തുടരുമെന്ന് ബി.സി.ഡബ്ല്യു.എസ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പ്രവിശ്യയിലുടനീളം ഇടിമിന്നൽ സാധ്യതയും പ്രവചനത്തിലുണ്ട്. വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയും അതിശക്തമായ മിന്നലും കാട്ടുതീ വർധിപ്പിക്കാൻ കാരണമാകും, ഏജൻസി പറയുന്നു. ബ്രിട്ടിഷ് കൊളംബിയയിൽ കത്തുന്ന കാട്ടുതീയിൽ ഏകദേശം 85 ശതമാനവും മിന്നൽ മൂലമാണെന്ന് കരുതുന്നു. അതേസമയം 15% മനുഷ്യർ കാരണമാണെന്ന് വിശ്വസിക്കപ്പെടുന്നു.