ഓട്ടവ : ബോംബ് ഭീഷണിയെ തുടർന്ന് തടസ്സപ്പെട്ട പ്രവർത്തനങ്ങൾ പുനഃരാരംഭിച്ച് കാനഡയിലെ വിമാനത്താവളങ്ങൾ. വ്യാഴാഴ്ച പുലർച്ചെ ഓട്ടവ, മൺട്രിയോൾ, എഡ്മിന്‍റൻ, വിനിപെഗ്, കാൽഗറി, വൻകൂവർ എന്നീ വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് കാനഡയിലെ എയർ ട്രാഫിക് കൺട്രോൾ സർവീസ് അറിയിച്ചു.

വൻകൂവർ വിമാനത്താവളത്തിലെ NAV കാനഡ കൺട്രോൾ ടവറിൽ പ്രാദേശിക സമയം പുലർച്ചെ 2 മണിയോടെയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ബ്രിട്ടിഷ് കൊളംബിയയിലെ റിച്ച്മണ്ട് ആർസിഎംപി അറിയിച്ചു. തുടർന്ന് ടവർ ഒഴിപ്പിച്ച് നടത്തിയ പരിശോധനയിൽ മറ്റു വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. ഓട്ടവ, മൺട്രിയോൾ വിമാനത്താവളങ്ങളിൽ രാവിലെ എട്ടു മണിയോടെ സാധാരണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ വിമാനത്തിന്‍റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.