വൻകൂവർ : ജൂണിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന 9.8% കുറഞ്ഞതായി വൻകൂവർ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. എന്നാൽ മുൻ മാസങ്ങളിലെ വലിയ ഇടിവിന് ശേഷം ഭവനവിപണി തിരിച്ചുവരവിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും ബോർഡ് അറിയിച്ചു. 2024 ജൂണിൽ 2,418 വീടുകൾ വിറ്റപ്പോൾ കഴിഞ്ഞ മാസം ഈ മേഖലയിലെ വീടുകളുടെ വിൽപ്പന 2,181 ആയി കുറഞ്ഞു. 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ ഏകദേശം 25% താഴെയാണിത്.

ജൂണിൽ വിപണിയിൽ പുതുതായി ലിസ്റ്റ് ചെയ്ത പ്രോപ്പർട്ടികളുടെ എണ്ണം 6,315 ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10.3% വർധനയും ജൂൺ മാസത്തിലെ 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 12.7 ശതമാനവും കൂടുതലാണ്. കൂടാതെ വിപണിയിലെത്തിയ വീടുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23.8% ഉയർന്ന് 17,561 ആയി. ജൂണിലെ സാധാരണ നിലവാരത്തേക്കാൾ ഏകദേശം 44% കൂടുതലാണിത്. വൻകൂവർ മേഖലയിലെ വീടുകളുടെ ശരാശരി വില ജൂണിൽ 2.8% കുറഞ്ഞ് 1,173,100 ഡോളറായി. ഇത് മെയ് മാസത്തേക്കാൾ 0.3 ശതമാനം കുറവുമാണ്.

ഭവന വിഭാഗത്തിലെ കഴിഞ്ഞ മാസത്തെ വിൽപ്പനയിലെ ഏറ്റവും വലിയ ഇടിവ് അപ്പാർട്ടുമെന്റുകളിലാണ് സംഭവിച്ചത്. അപ്പാർട്ടുമെൻ്റ് വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.5% കുറഞ്ഞ് 1,040 ആയി. ഡിറ്റാച്ചിഡ് വീടുകളുടെ വിൽപ്പന 5.3% കുറഞ്ഞ് 657 ആയി. അതേസമയം 2024 ജൂണിനെ അപേക്ഷിച്ച് 3.7% വർധനയിൽ അറ്റാച്ച്ഡ് ഹോം വിൽപ്പന ആകെ 473 ആയി.