ഓട്ടവ : വിവിധ ബ്രാൻഡുകളുടെ സലാമി കഴിച്ചതിനെ തുടർന്ന് രാജ്യത്തുടനീളം സാൽമൊണെല്ല പകർച്ചവ്യാധി വ്യാപിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. ഏപ്രിൽ മുതൽ 84 പേർക്ക് അസുഖം ബാധിച്ചതായും ഇപ്പോൾ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏജൻസി റിപ്പോർട്ട് ചെയ്തു. റിയ ബ്രാൻഡായ ജെനോവ സലാമി സ്വീറ്റ്, റിയ ബ്രാൻഡായ ജെനോവ സലാമി ഹോട്ട്, ബോണ ബ്രാൻഡായ മൈൽഡ് ജെനോവ സലാമി എന്നിവയുമായി അണുബാധ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പിഎച്ച്എസി പറയുന്നു. ജൂൺ 10-ന് ഒൻ്റാരിയോ, ആൽബർട്ട, മാനിറ്റോബ എന്നിവിടങ്ങളിൽ ഈ ഉൽപ്പന്നങ്ങൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി തിരിച്ചുവിളിച്ചിരുന്നു.

രോഗബാധിതരിൽ ഭൂരിഭാഗവും ആൽബർട്ടയിലാണ്. പ്രവിശ്യയിൽ 67 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. കൂടാതെ ഒൻ്റാരിയോയിൽ 15 പേർക്കും മാനിറ്റോബയിൽ ഒരാൾക്കും അസുഖം ബാധിച്ചിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധ ആൽബർട്ടയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടതാണെന്നും ഹെൽത്ത് അതോറിറ്റി അറിയിച്ചു.

സാൽമൊണെല്ല ഒരു ഭക്ഷ്യജന്യ ബാക്ടീരിയൽ രോഗമാണ്. സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായതായി അനുഭവപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാൽ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾക്ക് കാരണമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. സാൽമൊണെല്ല അണുബാധയുടെ ലക്ഷണങ്ങളിൽ പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവ ഉൾപ്പെടാം.