ടൊറൻ്റോ : അടുത്ത വ്യാഴാഴ്ച വരെ ടൊറൻ്റോയിലും ജിടിഎയിലും കനത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ. ദക്ഷിണ ഒൻ്റാരിയോയിൽ വെള്ളിയാഴ്ച മുതൽ കനത്ത ചൂടും ഈർപ്പവും അനുഭവപ്പെടും. ഹ്യുമിഡെക്സ് മൂല്യങ്ങൾ 35-നും 40-നും ഇടയിൽ ഉയരുന്നതിനാൽ ശനിയാഴ്ചയായിരിക്കും ഏറ്റവും ചൂടേറിയ ദിവസം. കനത്ത ചൂടിനെ തുടർന്ന് വിൻസർ മുതൽ ബാരി വരെയും ഓട്ടവയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ പ്രായമായവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, ശാരീരികവും/അല്ലെങ്കിൽ മാനസികവുമായ രോഗങ്ങളുള്ളവർ, വൈകല്യങ്ങളോ ചലന പ്രശ്‌നങ്ങളോ ഉള്ളവർ എന്നിവർക്ക് കടുത്ത ആരോഗ്യപരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. കടുത്ത ചൂട് കാരണം തലവേദന, ഓക്കാനം, തലകറക്കം, തീവ്രമായ ക്ഷീണം എന്നിവ അനുഭവപ്പെടാം. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ, ദാഹം തോന്നുന്നതിനു മുമ്പുതന്നെ ധാരാളം വെള്ളം കുടിക്കുക, നിർജ്ജലീകരണ സാധ്യത കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളും എൻവയൺമെൻ്റ് കാനഡ നൽകിയിട്ടുണ്ട്. കൂടാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഒരിക്കലും ഉപേക്ഷിക്കരുതെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.