വിനിപെഗ് : അനിയന്ത്രിതമായി പടരുന്ന കാട്ടുതീ കാരണം ജനങ്ങൾ ഉടൻ ഒഴിഞ്ഞുപോകാൻ തയ്യാറാകണമെന്ന് മാനിറ്റോബ പട്ടണമായ തോംസൺ സിറ്റി നിർദ്ദേശിച്ചു. ക്രോസ് തടാകത്തിന് സമീപം കത്തുന്ന ഫയർ NO005 ഹൈവേ 6-ൽ എത്തുകയും യാത്ര തടസ്സം സൃഷ്ടിക്കുമെന്നതിനാലുമാണ് മുൻകൂർ മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് സിറ്റി അധികൃതർ പറയുന്നു. ഫയർ NO005 ഏകദേശം 84,375 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചിട്ടുണ്ട്. അതേസമയം തോംസണിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയുള്ള ഫയർ NO061 16,730 ഹെക്ടറോളം വലുപ്പമുണ്ടായിട്ടുണ്ട്. കൂടാതെ ഈ രണ്ട് തീപിടുത്തങ്ങളും നിലവിൽ നിയന്ത്രണാതീതമാണ്. മാനിറ്റോബയിൽ നിലവിൽ 107 സജീവ കാട്ടുതീകൾ ഉണ്ട്.

നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചാൽ, അലേർട്ട് പുറപ്പെടുവിച്ച സമയം മുതൽ ജനങ്ങൾക്ക് വീട് വിട്ടുപോകാൻ 12 മണിക്കൂർ സമയം മാത്രമായിരിക്കും ലഭിക്കുക. കാട്ടുതീയിൽ നിന്നും വീടുകളെ സംരക്ഷിക്കാൻ മേൽക്കൂരകളിൽ ഹോസുകളുള്ള സ്പ്രിംഗളറുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി സിറ്റി അധികൃതർ അറിയിച്ചു. കൂടാതെ ഒഴിപ്പിക്കുന്നവർക്കായി ജൂലൈ 13 മുതൽ വിനിപെഗിലെ ആർബിസി കൺവെൻഷൻ സെന്‍ററിൽ കോൺഗ്രഗേറ്റ് ഷെൽട്ടർ സ്ഥാപിക്കും. ഒപ്പം പോർട്ടേജ് ലാ പ്രൈറിയിൽ മറ്റൊരു കോൺഗ്രഗേറ്റ് ഷെൽട്ടർ തുറക്കുമെന്നും പ്രവിശ്യാ സർക്കാർ പറയുന്നു.