ടൊറൻ്റോ : സതേൺ ഒൻ്റാരിയോയിലുടനീളം കനത്ത ചൂട് തുടരുന്നതായി എൻവയൺമെൻ്റ് കാനഡ. ഉയർന്ന താപനിലയും ഈർപ്പവും അടുത്ത ആഴ്ച വരെ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിസ്സിസാഗ, ബ്രാംപ്ടൺ, ഹാൽട്ടൺ, ഹാമിൽട്ടൺ, ദുർഹം, നയാഗ്ര എന്നിവിടങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ നഗരങ്ങളിൽ പകൽ സമയത്ത് ചൂട് 29-32 ഡിഗ്രി സെൽഷ്യസിനു ഇടയിൽ എത്തുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. എന്നാൽ, ഈർപ്പവും കൂടിച്ചേരുമ്പോൾ 40 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. രാത്രി താപനില 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.

ശനിയാഴ്ച ഉഷ്ണതരംഗം ആരംഭിക്കുമെന്നും ഞായറാഴ്ചയും തിങ്കളാഴ്ചയും അൽപ്പം കുറയുമെന്നും ചൊവ്വാഴ്ച വീണ്ടും തീവ്രമാകുമെന്നും എൻവയൺമെൻ്റ് കാനഡ പറയുന്നു. വ്യാഴാഴ്ച രാത്രിയോടെ താപനിലയിൽ മാറ്റം വരുമെന്നും പ്രതീക്ഷിക്കുന്നു. അതിശക്തമായ ചൂട് എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് പ്രായമായവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, പുറത്ത് ജോലി ചെയ്യുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നവർ എന്നിവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. കനത്ത ചൂടിൽ നിന്നും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം ഒരുക്കണം.