ഓട്ടവ : ഈ വാരാന്ത്യത്തിൽ നിരവധി പ്രവിശ്യകളിലും പ്രദേശങ്ങളിലും കനത്ത ചൂടും ശക്തമായ ഇടിമിന്നലും വായുഗുണനിലവാര മുന്നറിയിപ്പുകളും പ്രാബല്യത്തിലുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ. രാജ്യത്തുടനീളം ചൂട്, ഇടിമിന്നൽ എന്നിവയെക്കുറിച്ച് ആകെ 191 അലേർട്ടുകളും ശനിയാഴ്ച വരെ വായു ഗുണനിലവാരത്തെക്കുറിച്ച് 342 അലേർട്ടുകളും നിലവിലുണ്ട്.

ചൂട്, ഇടിമിന്നൽ മുന്നറിയിപ്പുകൾ
ഒൻ്റാരിയോ, കെബെക്ക്, ആൽബർട്ട, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളിൽ കടുത്ത ചൂട് അനുഭവപ്പെടും. ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ ആൽബർട്ടയിൽ ഏകദേശം 30 ഡിഗ്രി സെൽഷ്യസ് താപനില ഉയരും. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് നിലവിലുള്ളത്. പ്രവിശ്യയിൽ പകൽ താപനില 33 ഡിഗ്രി സെൽഷ്യസിൽ എത്തും.
അടുത്ത ആഴ്ച മുഴുവൻ തെക്കൻ ഒൻ്റാരിയോയിൽ ചൂടും ഈർപ്പവുമുള്ള അവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിൽ പകൽ സമയത്തെ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തും. എന്നാൽ, ഈർപ്പത്തിനൊപ്പം താപനില 35 മുതൽ 40 വരെയായി അനുഭവപ്പെടും. ഒൻ്റാരിയോയുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഉച്ചക്കും വൈകുന്നേരവും ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. അതേസമയം കെബെക്കിൽ ഞായർ വരെ ചൂടുള്ളതും ഈർപ്പമുള്ളതുമായ അവസ്ഥ തുടരും. ഏകദേശം 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.

വായു ഗുണനിലവാര മുന്നറിയിപ്പുകൾ
കാട്ടുതീ പുക കാരണം വായു ഗുണനിലവാര മുന്നറിയിപ്പുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ മാനിറ്റോബ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, ഒൻ്റാരിയോ, സസ്കാച്വാൻ എന്നിവ ഉൾപ്പെടുന്നു. കാട്ടുതീ പുക കാരണം 65 വയസ്സിനു മുകളിലുള്ള മാനിറ്റോബ നിവാസികൾ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവർ പുറത്തുപോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. കനത്ത പുക നിറഞ്ഞ സാഹചര്യങ്ങളിൽ, പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ എല്ലാവരുടെയും ആരോഗ്യം അപകടത്തിലാക്കും, ഏജൻസി അറിയിച്ചു.