വാഷിംഗ്ടൺ ഡി സി : അമേരിക്കൻ നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്‍റെ യുഎസ് പൗരത്വം റദ്ദാക്കുന്നത് പരിഗണിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നികുതി ഇളവുകളും ചെലവ് ചുരുക്കൽ പദ്ധതിയും ഉൾപ്പെടെയുള്ള ബിഗ് ബ്യൂട്ടിഫുൾ ബിൽ ഒപ്പുവച്ചതുൾപ്പെടെ ട്രംപിനെയും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിന്‍റെ സമീപകാല നീക്കങ്ങളെ വിമർശിച്ച് റോസി ഒ’ഡോനൽ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണിയുമായി ട്രംപിന്‍റെ രംഗപ്രവേശം. മുമ്പ് ട്രംപുമായി ഇടഞ്ഞ ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ പൗരത്വവും റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

“റോസി ഒ’ഡോനൽ നമ്മുടെ മഹത്തായ രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമല്ലാത്തതിനാൽ, അവരുടെ പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ആലോചിക്കുന്നു,” ട്രംപ് ശനിയാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ എഴുതി. ജനുവരിയിൽ അയർലണ്ടിലേക്ക് താമസം മാറിയ റോസി ഒ’ഡോനൽ അവിടെ തന്നെ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, നിയമപരമായി റോസി ഒ’ഡോനലിന്‍റെ യുഎസ് പൗരത്വം റദ്ദാക്കാൻ ട്രംപിനു സാധിക്കില്ല. യുഎസിലെ ന്യൂയോർക്കിലാണ് റോസി ജനിച്ചത്. യുഎസിൽ ജനിച്ചവർക്ക് യുഎസ് പൗരത്വം ഭരണഘടനാപരമായ അവകാശമാണ്. ഇതു റദ്ദാക്കാൻ യുഎസ് പ്രസിഡൻ്റിനും അവകാശമില്ലെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ട്രംപ് രണ്ടാം തവണയും വിജയിച്ചതിന് പിന്നാലെയാണ് റോസി ഒ’ഡോനൽ അയർലണ്ടിലേക്ക് താമസം മാറിയത്.