Monday, August 18, 2025

നോവസ്കോഷയിൽ അതിശക്തമായ ചൂട്

ഹാലിഫാക്സ് : നോവസ്കോഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ തുടരുന്നതായി എൻവയൺമെൻ്റ് കാനഡ. നിലവിലെ അവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നും പ്രതീക്ഷിക്കുന്നു. ഡിഗ്ബി, അന്നപൊളിസ്, കിങ്‌സ് കൗണ്ടികളിൽ കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. ഏറ്റവും ചൂടേറിയ ദിവസങ്ങൾ ചൊവ്വാഴ്ചയും ബുധനാഴ്ചയും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ താപനില 29 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയും ഹ്യുമിഡെക്സ് മൂല്യങ്ങൾക്കൊപ്പം 37 ഡിഗ്രി സെൽഷ്യസ് വരെയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 16 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

അതിശക്തമായ ചൂടിൽ മുൻകരുതലുകൾ എടുക്കുക

അതിശക്തമായ ചൂടിന്‍റെ സമയത്ത്, ആളുകൾ ധാരാളം വെള്ളം കുടിക്കണമെന്ന് ഏജൻസി നിർദ്ദേശിച്ചു. ദാഹം തോന്നുന്നതിന് മുമ്പ് ഇടയ്ക്കിടെ വെള്ളം കുടിക്കണം. എയർ കണ്ടീഷനിങ് ഓണാക്കുക, ഫാൻ ഉപയോഗിക്കുക, താമസസ്ഥലത്ത് ചൂടാണെങ്കിൽ കൂളിങ് സെന്‍റർ, കമ്മ്യൂണിറ്റി സെന്‍റർ, ലൈബ്രറി, ഷേഡഡ് പാർക്ക് പോലുള്ള തണുത്ത പൊതു സ്ഥലത്തേക്ക് മാറണമെന്നും അധികൃതർ പറയുന്നു. സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി കുറയ്ക്കണം. ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരമാവധി കുറയ്ക്കണം.

അതിശക്തമായ ചൂട് എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് പ്രായമായവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, പുറത്ത് ജോലി ചെയ്യുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നവർ എന്നിവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. കൂടാതെ കനത്ത ചൂടിൽ നിന്നും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം ഒരുക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!