ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ വീടുകളുടെ വില കുറഞ്ഞതായി റോയൽ ലെപേജ് റിപ്പോർട്ട് ചെയ്തു. 2025-ലെ രണ്ടാം പാദത്തിൽ മേഖലയിലെ വീടുകളുടെ വില വർഷം തോറും മൂന്ന് ശതമാനം കുറഞ്ഞ് 1,155,300 ഡോളറായി. അതേസമയം ടൊറൻ്റോയിൽ വീടുകളുടെ വില വർഷം തോറും 5.2% കുറഞ്ഞ് 1,151,600 ഡോളറുമായി. സിംഗിൾ ബെഡ്റൂം വീടുകളുടെ വിലയിൽ 4.7% ഇടിവാണ് രേഖപ്പെടുത്തിയത്.

താരിഫ്-വ്യാപാര തർക്കങ്ങൾ, ഫെഡറൽ തിരഞ്ഞെടുപ്പ്, രാജ്യാന്തര സംഘർഷങ്ങൾ തുടങ്ങിയ കാരണങ്ങളാൽ 2025-ലെ വസന്തകാല വിപണിയുടെ തുടക്കത്തിൽ വീടുകൾ വാങ്ങാൻ ഒരുങ്ങുന്നവരെ പിന്നോട്ട് അടിച്ചതായി റോയൽ ലെപേജ് പ്രസിഡന്റും സിഇഒയുമായ ഫിൽ സോപ്പർ പറയുന്നു. കോണ്ടോ വിപണിയും മാന്ദ്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വാടക വീടുകളെ ആശ്രയിക്കുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെയും പുതുമുഖങ്ങളുടെയും എണ്ണം കുറഞ്ഞതോടെ, കോണ്ടോകളിലുള്ള നിക്ഷേപകരുടെ താൽപ്പര്യം കുറഞ്ഞു, ഫിൽ സോപ്പർ അറിയിച്ചു. രണ്ടാം പാദത്തിൽ, ടൊറൻ്റോയിലെ കോണ്ടോയുടെ ശരാശരി വില 675,800 ഡോളർ ആയിരുന്നു.

അതേസമയം കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 2025-ലെ നാലാം പാദത്തിൽ ജിടിഎയിലെ ഒരു വീടിന്റെ മൊത്തം വില 2 ശതമാനം വർധിക്കുമെന്ന് റോയൽ ലെപേജ് പ്രവചിക്കുന്നു. കൂടാതെ ദേശീയതലത്തിൽ, കാനഡയിലെ ഒരു വീടിന്റെ മൊത്തം വില 3.5% വർധിക്കുമെന്നും റോയൽ ലെപേജ് റിപ്പോർട്ട് ചെയ്തു.