ടൊറൻ്റോ : പിക്കറിങ്ങിൽ രണ്ട് എസ്‌യുവികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു, രണ്ട് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ കൺസെഷൻ റോഡ് 6-ന് സമീപമുള്ള ഹൈവേ 7-ലാണ് അപകടമുണ്ടായതെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (ഒപിപി) അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

കിഴക്കോട്ട് പോയ ഒരു എസ്‌യുവി ഹൈവേയിൽ പടിഞ്ഞാറോട്ട് പോയ മറ്റൊരു എസ്‌യുവിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കിഴക്കോട്ട് പോയ വാഹനത്തിലെ ഏക യാത്രക്കാരനായ ഒൻ്റാരിയോ പോർട്ട് പെറി സ്വദേശി 82 വയസ്സുള്ള വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാമത്തെ എസ്‌യുവിയിലുണ്ടായിരുന്ന നാല് പേരിൽ രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാർക്കം സ്വദേശി 63 വയസ്സുള്ള ആളും സ്കാർബ്റോയിൽ നിന്നുള്ള 68 വയസ്സുള്ള ആളുമാണ് മരിച്ചത്. ഈ വാഹനത്തിലുണ്ടായിരുന്ന മാർക്കമിൽ നിന്നുള്ള 64 വയസ്സുള്ളയാൾക്കും റിച്ച്മണ്ട് ഹില്ലിൽ നിന്നുള്ള 70 വയസ്സുള്ളയാൾക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.