വൻകൂവർ : കാട്ടുതീ ഭീഷണി ഒഴിഞ്ഞതോടെ ബ്രിട്ടിഷ് കൊളംബിയ ഒകനാഗൻ-സിമിൽകമീൻ റീജനൽ ഡിസ്ട്രിക്റ്റിൽ നിരവധി ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ പിൻവലിച്ചു. പ്രിൻസ്റ്റണിനടുത്തുള്ള ഓഗസ്റ്റ് ലേക്കിൽ കാട്ടുതീ കാരണം ശനിയാഴ്ച മുതൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിരുന്നു. ഇവിടെ ഏകദേശം 30 വസ്തുവകകൾ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, കാട്ടുതീ നിയന്ത്രണത്തിലായതോടെ താമസക്കാർക്കുള്ള ഈ മുന്നറിയിപ്പുകൾ പിൻവലിച്ചിട്ടുണ്ട്. കൂടാതെ കാട്ടുതീ ഭീതി ഒഴിഞ്ഞതോടെ യങ് ക്രീക്ക് കാട്ടുതീയെത്തുടർന്ന് കത്തീഡ്രൽ പ്രൊവിൻഷ്യൽ പാർക്കിന് സമീപമുള്ള ഒഴിപ്പിക്കൽ മുന്നറിയിപ്പും പിൻവലിച്ചതായി റീജനൽ ഡിസ്ട്രിക്റ്റ് അറിയിച്ചു.

നിലവിൽ പ്രവിശ്യയിൽ 67 കാട്ടുതീകൾ സജീവമായി തുടരുന്നുണ്ടെന്ന് ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു. കൂടാതെ കഴിഞ്ഞ ആഴ്ചയിൽ 40 എണ്ണം നിയന്ത്രണവിധേയമാക്കിയതായും ഏജൻസി അറിയിച്ചു.