ലണ്ടൻ : കനേഡിയൻ ഫുട്ബോൾ താരം ഒലിവിയ സ്മിത്ത് വനിതാ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ലിവർപൂളിൽ നിന്ന് ആഴ്സണലിലേക്ക് ചേക്കേറി. ഒരു കോടി 34 ലക്ഷം ഡോളർ ( £1 മില്യൺ) ട്രാൻസ്ഫർ തുകയ്ക്കാണ് ഒൻ്റാരിയോയിലെ വിറ്റ്ബിയിൽ നിന്നുള്ള ഒലിവിയ സ്മിത്തിനെ ആഴ്സണൽ സ്വന്തമാക്കിയത്. ലണ്ടൻ ക്ലബ്ബുമായി നാല് വർഷത്തെ കരാർ ഒപ്പുവെച്ച ഒലിവിയ സ്മിത്ത് 15-ാം നമ്പർ ജേഴ്സി ധരിക്കും.

ലിവർപൂളിൽ ശ്രദ്ധേയമായ പ്രകടനമാണ് ഒലിവിയ കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിൽ ഏഴ് ഗോളുകൾ നേടി ടീമിലെ പ്രധാന താരമായി അവർ മാറി. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് സിപിയിൽ നിന്ന് കഴിഞ്ഞ വർഷം 212,000 പൗണ്ട് എന്ന റെക്കോർഡ് തുകയ്ക്കാണ് സ്മിത്ത് ലിവർപൂളിൽ എത്തിയത്. ലിവർപൂളിൽ മികച്ച പ്രകടനങ്ങളിലൂടെ യൂറോപ്പിലെ വലിയ ക്ലബ്ബുകളുടെ ശ്രദ്ധ നേടിയെടുക്കാൻ അവർക്ക് സാധിച്ചു.

2019-ൽ 15 വയസ്സുള്ളപ്പോൾ കാനഡയ്ക്കായി അരങ്ങേറ്റം കുറിച്ച ഒലിവിയ കാനഡയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തര താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയിരുന്നു. ദേശീയ ടീമിനുവേണ്ടി 16 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇതുവരെ നേടിയിട്ടുണ്ട്. കൂടാതെ 2024-ലെ മികച്ച കനേഡിയൻ യുവതാരമായി ഒലിവിയ സ്മിത്തിനെ തിരഞ്ഞെടുത്തിരുന്നു.