ബ്രാന്റ്‌ഫോർഡ് : യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ബ്രാന്റ്‌ഫോർഡ് പൊലീസ്. കേസിൽ ബ്രാന്റ്‌ഫോർഡ് സ്വദേശി 28 വയസ്സുള്ള അൽവീൻ അഹമ്മദാണ് അറസ്റ്റിലായത്. ജൂലൈ 13 ഞായറാഴ്ച രാവിലെ പത്തരയോടെ ഗോൾഫ് റോഡിലെ ഹൈവേ 403-ന് സമീപം യുവതിയെ ശാരീരികവും ലൈംഗികവുമായ പീഡനത്തിന്‍റെ ഫലമായി ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായി ബ്രാന്റ്‌ഫോർഡ് പൊലീസ് സർവീസ് അറിയിച്ചു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിക്ക്-അപ്പ് ട്രക്കിലെത്തിയ അൽവീൻ അഹമ്മദ് ക്വീൻ ആൻഡ് ഡാർലിംഗ് സ്ട്രീറ്റിന് സമീപത്തുനിന്നും യുവതിയെ ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതി യുവതിയെ ഗോൾഫ് റോഡിനും ഹൈവേ 403-നും സമീപമുള്ള പ്രദേശത്ത് എത്തിച്ച് ലൈംഗീകപീഡനത്തിന് ഇരയാക്കി. തുടർന്ന് പ്രതി 2022 മോഡൽ ഡോഡ്ജ് റാം പിക്ക്-അപ്പ് ട്രക്കിൽ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ ജൂലൈ 15 ന് ഉച്ചയ്ക്ക് ഒന്നരയോടെ ഉദ്യോഗസ്ഥർ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾ പ്രതി ആൽവീൻ അഹമ്മദിനെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 519-756-7050 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ബ്രാന്റ്‌ഫോർഡ് പൊലീസ് സർവീസ് അഭ്യർത്ഥിച്ചു.