ഓട്ടവ : “ഫ്രീഡം കോൺവോയ്” പ്രതിഷേധ സംഘാടകരായ തമാര ലിച്ച്, ക്രിസ് ബാർബർ എന്നിവരുടെ ശിക്ഷാവിധിയിൽ വാദം ഇന്ന് (ജൂലൈ 23, ബുധനാഴ്ച) രാവിലെ ആരംഭിക്കും. കോവിഡ് മഹാമാരിക്കാലത്ത് രാജ്യാതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ച ഫ്രീഡം കോൺവോയ് സംഘാടകരായ ഇരുവർക്കുമെതിരെ നിയമലംഘനം, മറ്റുള്ളവരെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിക്കുന്നതിന് മുന്നേ കക്ഷികൾക്ക് അവരുടെ വാദം അവതരിപ്പിക്കാൻ രണ്ടു ദിവസം അനുവദിച്ചിട്ടുണ്ട്. അതേസമയം ലിച്ചിന് ഏഴ് വർഷവും ബാർബറിന് എട്ട് വർഷവും തടവ് ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു കോൺവോയ് നേതാവായ പാറ്റ് കിങ്ങിന് മൂന്ന് മാസത്തെ വീട്ടുതടങ്കലിനും, ഫുഡ് ബാങ്കിലോ പുരുഷന്മാരുടെ ഷെൽട്ടറിലോ 100 മണിക്കൂർ കമ്മ്യൂണിറ്റി സേവനത്തിനും, ഒരു വർഷത്തെ പ്രൊബേഷനും ശിക്ഷിച്ചിരുന്നു.

2022-ലെ “ഫ്രീഡം കോൺവോയ്” പ്രതിഷേധത്തിൻ്റെ പ്രധാന വ്യക്തികളും സംഘാടകരുമായിരുന്നു തമാര ലിച്ചും ക്രിസ് ബാർബറും. ഇരുവരുടെയും നേതൃത്വത്തിൽ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ആളുകളും ഓട്ടവ നഗരം പിടിച്ചടക്കി. നഗരത്തിലെ താമസക്കാരെയും വ്യാപാരസ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും പ്രതിഷേധത്തിൽ തുടരാനും അതിൽ ചേരാനും ഇരുവരും പതിവായി ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി ഒൻ്റാരിയോ കോടതി ജസ്റ്റിസ് ഹീതർ പെർകിൻസ്-മക്‌വെ പറഞ്ഞിരുന്നു.