ഓട്ടവ : അമിതമായി ചൂടാകാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ ആയിരക്കണക്കിന് പോർട്ടബിൾ ചാർജറുകൾ തിരിച്ചു വിളിച്ചു. സാധാരണ ഉപയോഗത്തിനിടയിൽ ഈ ചാർജറുകൾ അമിതമായി ചൂടാകാനും വികസിക്കാനും സാധ്യതയുണ്ടെന്നും അത് പൊള്ളലിനും തീപിടിത്തത്തിനും കാരണമാകുമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. തിരിച്ചുവിളിക്കലിൽ iStore ബ്രാൻഡഡ് മാഗ്നറ്റിക് വയർലെസ് ബാങ്കുകൾ, 5000 mAH പോർട്ടബിൾ ചാർജറുകൾ എന്നിവ ഉൾപ്പെടുന്നതായി ഏജൻസി അറിയിച്ചു.

2023 ഫെബ്രുവരി മുതൽ 2025 മെയ് വരെ കാനഡയിൽ 6,412 ചാർജറുകൾ വിറ്റഴിച്ചിട്ടുണ്ട്. കൂടാതെ 8,520 എണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സിലും വിറ്റിട്ടുണ്ട്. മെയ് 30 വരെ, കാനഡയിൽ തിരിച്ചു വിളിച്ച ചാർജറുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ചെറിയ പൊള്ളൽ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതായും ഹെൽത്ത് കാനഡ പറഞ്ഞു.

ഉപയോക്താക്കൾ ഉടൻ തന്നെ iStore പോർട്ടബിൾ ചാർജറുകൾ ഉപയോഗിക്കുന്നത് നിർത്തി റീഫണ്ടിനായി കമ്പനിയുമായി ബന്ധപ്പെടണമെന്ന് ഏജൻസി നിർദ്ദേശിച്ചു. ഇതിനായി 1-800-268-4049 എന്ന നമ്പറിലോ recall@istore.ca എന്ന ഇമെയിൽ വിലാസത്തിലോ കമ്പനിയെ ബന്ധപ്പെടാം.