ഓട്ടവ : ചെലവ് കുറയ്ക്കൽ ശ്രമങ്ങളുടെ ഭാഗമായി ഫെഡറൽ പബ്ലിക് സർവീസ് അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 60,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് പുതിയ റിപ്പോർട്ട്. 2028 ഓടെ ഫെഡറൽ പബ്ലിക് സർവീസിൽ 57,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്ന് കനേഡിയൻ സെന്‍റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സിന്‍റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാനഡ റവന്യൂ ഏജൻസി, എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ്, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ എന്നിവിടങ്ങളിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം അടുത്ത വസന്തകാലത്ത് വിവിധ വകുപ്പുകളിലെ പ്രോഗ്രാം ചെലവുകൾ 7.5 ശതമാനവും, അതിനടുത്ത വർഷം 10 ശതമാനവും, 2028-29 ൽ 15 ശതമാനവും കുറയ്ക്കണമെന്ന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ കഴിഞ്ഞ മാസം നിരവധി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഓട്ടവ, ഗാറ്റിനോ എന്നീ നഗരങ്ങളായിരിക്കും വെട്ടിക്കുറയ്ക്കലിന്‍റെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടി വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ നഷ്ടത്തിന്‍റെ പകുതിയോളം ദേശീയ തലസ്ഥാന മേഖലയിലായിരിക്കും നേരിടേണ്ടി വരുക. തൊഴിൽ നഷ്ടത്തിന്റെ ഫലമായി രാജ്യത്തുടനീളം സേവന പ്രത്യാഘാതങ്ങൾ അനുഭവപ്പെടുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.