ടൊറൻ്റോ : അമേരിക്കൻ സ്വദേശിനിയായ കാമുകിക്കൊപ്പം കോസ്റ്റാറിക്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കനേഡിയൻ പൗരൻ വെടിയേറ്റ് മരിച്ചു. സ്കാർബ്റോ നിവാസി ക്രിസ്റ്റഫർ ഡീറാണ് (40) മരിച്ചത്. ജൂലൈ 11-ന് ബീച്ച് പട്ടണമായ ഗ്വാനകാസ്റ്റിലെ തമരിൻഡോയിലെ ലോസ് ജോബോസ് പ്രദേശത്താണ് സംഭവം. കവർച്ച ശ്രമത്തിനിടെ അക്രമിയുടെ വെടിയേൽക്കുകയായിരുന്നു.

കോസ്റ്റാറിക്കയിലെ തമരിൻഡോയിൽ കനേഡിയൻ പൗരൻ മരിച്ചതായി ഗ്ലോബൽ അഫയേഴ്‌സ് കാനഡ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കോൺസുലാർ ഉദ്യോഗസ്ഥർ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. കേസ് അന്വേഷണത്തിലാണെന്നും കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും കോസ്റ്റാറിക്കയുടെ ഓർഗനൈസേഷൻ ഓഫ് ജുഡീഷ്യറി ഇൻവെസ്റ്റിഗേഷന്റെ (OJI) വക്താവ് കാർലോസ് വാൽവർഡെ ഫോൺസെക്ക റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.