ഓട്ടവ : പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് സെഷനിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ ഉദ്ദേശിക്കുന്നതായി കാർണി വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാര ചർച്ചകളുടെ അവസ്ഥയും മിഡിൽ ഈസ്റ്റിലെ സ്ഥിതിയും ചർച്ച ചെയ്യുന്നതിനായി ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രി അനിത ആനന്ദിനൊപ്പം പാർലമെൻ്റ് ഹില്ലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാസയിൽ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക ദുരന്തം തടയുന്നതിൽ ഇസ്രയേൽ സർക്കാർ പരാജയമാണെന്നും മാർക്ക് കാർണി കുറ്റപ്പെടുത്തി. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുടെയും വിതരണം തടസപ്പെടുന്നതായും കാർണി പറഞ്ഞു. 2026-ൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ പലസ്തീൻ അതോറിറ്റി സമ്മതിക്കേണ്ടിവരുമെന്നും അതിൽ ഹമാസിന് ഒരു പങ്കും വഹിക്കാൻ കഴിയില്ലെന്നും പലസ്തീൻ രാഷ്ട്രത്തെ സൈനികവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാനഡയുടെ സഖ്യകക്ഷികളുടെ സമാനമായ നീക്കങ്ങളെ തുടർന്നാണ് കാർണിയുടെ പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച, സെപ്റ്റംബറിൽ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.. ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ യുകെയും സമാന നടപടി സ്വീകരിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും പ്രഖ്യാപിച്ചിട്ടുണ്ട്.