വൻകൂവർ : നിയന്ത്രണാതീതമായി കത്തിപ്പടരുന്ന കാട്ടുതീയെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ ഒകനാഗൻ മേഖലയിലെ പ്രധാന ഹൈവേ അടച്ചതായി ഡ്രൈവ്‌ബിസി റിപ്പോർട്ട് ചെയ്തു. പീച്ച്‌ലാൻഡിന് സമീപം ഉണ്ടായ കാട്ടുതീയെത്തുടർന്ന് ഒകനാഗൻ കണക്റ്റർ എന്നറിയപ്പെടുന്ന ഹൈവേ 97 ആണ് അടച്ചത്. ഹൈവേ 97 ഉം ഹൈവേ 97C ഉം തമ്മിലുള്ള ജംഗ്ഷനു സമീപമാണ് തീ പടരുന്നത്. പീച്ച്‌ലാൻഡിനും ജംഗ്ഷനും ഇടയിലുള്ള ഇരു ദിശകളിലും ഹൈവേ 97 അടച്ചിട്ടിട്ടുണ്ടെന്ന് ഡ്രൈവ്‌ബിസി അറിയിച്ചു. കൂടാതെ ഹൈവേ 97C-യും പൂർണ്ണമായി അടച്ചിടുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജൻസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

കാട്ടുതീ നിയന്ത്രണാതീതമാണെന്നും മനുഷ്യനിർമിതമാണെന്നും ബിസി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചവരെ അഞ്ച് ഹെക്ടർ വിസ്തൃതിയിൽ കത്തിപ്പടർന്നിട്ടുണ്ട്. തീപിടുത്തത്തെത്തുടർന്ന് എമർജൻസി ഓപ്പറേഷൻസ് സെന്‍റർ പ്രവർത്തനം ആരംഭിച്ചതായി സെൻട്രൽ ഒകനാഗൻ റീജനൽ ഡിസ്ട്രിക്റ്റ് അറിയിച്ചു.