ടൊറൻ്റോ : ചൂടും വരണ്ടതുമായ കാലാവസ്ഥയെ തുടർന്ന് ദുർഹം മേഖലയിലെ ചില ഭാഗങ്ങളിൽ ജല നിയന്ത്രണം ഏർപ്പെടുത്തി. ബീവർട്ടൺ, കാനിംഗ്ടൺ, സൺഡർലാൻഡ്, ഉക്സ്ബ്രിഡ്ജ്, പോർട്ട് പെറി, ഒറോണോ, ബ്ലാക്ക്സ്റ്റോക്ക്, ഗ്രീൻബാങ്ക് എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഈ പ്രദേശങ്ങളിലെ താമസക്കാരും വ്യാപാര സ്ഥാപനങ്ങളും ജലനിയന്ത്രണം കർശ്ശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, താമസക്കാർ ഡ്രൈവ്‌വേകളോ ഡെക്കുകളോ വൃത്തിയാക്കുകയോ കാറുകൾ കഴുകുകയോ പുൽത്തകിടിയിൽ വെള്ളം നനയ്ക്കുകയോ ചെയ്യരുത്.

കടുത്ത ചൂട് കാരണം ജലഉപഭോഗം വർധിച്ചതും മഴ കുറഞ്ഞതും ജല ഉപയോഗ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ അതിശക്തമായ ചൂടിൽ, അഗ്നി സുരക്ഷ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മതിയായ ജലനിരപ്പ് നിലനിർത്താൻ ജല നിയന്ത്രണങ്ങൾ ആവശ്യമാണ്, അധികൃതർ വ്യക്തമാക്കി.
