ഓട്ടവ : യുഎസുമായുള്ള വ്യാപാരയുദ്ധം കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മെയ് മാസത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) മുൻ മാസത്തെ അപേക്ഷിച്ച് 0.1% ഇടിഞ്ഞതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം മെയ് മാസത്തെ റിപ്പോർട്ടിൽ 0.2% വലിയ ഇടിവ് മിക്ക സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിച്ചിരുന്നു. അതേസമയം ആറ് മാസത്തെ തുടർച്ചയായ രണ്ട് പാദങ്ങളിലെ ജിഡിപി ഇടിവ് സാമ്പത്തിക മാന്ദ്യത്തെ സൂചിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.

മെയ് മാസത്തിലെ ജിഡിപി ഇടിവിന് കാരണം പ്രധാനമായും കാട്ടുതീ മൂലമുണ്ടായ എണ്ണ ഉൽപാദനത്തിലെ താൽക്കാലിക തടസ്സങ്ങളാണെന്ന് ഏജൻസി വിശദീകരിച്ചു. മെയ് മാസത്തിൽ ഏറ്റവും വലിയ ഇടിവ് സംഭവിച്ച മേഖലകളിൽ എണ്ണ, വാതക വേർതിരിച്ചെടുക്കൽ ഒഴികെയുള്ള ഖനനം, ക്വാറി എന്നിവ ഉൾപ്പെടുന്നു. ഈ മേഖലയിൽ 2.1% ഇടിവ് രേഖപ്പെടുത്തി. ചില്ലറ വ്യാപാര മേഖലയിലുണ്ടായ 1.2% കുറവ് മൊത്തത്തിലുള്ള ജിഡിപി ഇടിവിന് കാരണമായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് മാസത്തെ വിൽപ്പനയിലെ വർധനയ്ക്ക് ശേഷം മെയ് മാസത്തിൽ മോട്ടോർ വാഹനങ്ങളുടെയും പാർട്‌സ് വിൽപ്പനയിലും ഇടിവ് ഉണ്ടായതായും ഏജൻസി റിപ്പോർട്ട് ചെയ്തു. മെയ് മാസത്തിൽ കനത്ത ജിഡിപി ഇടിവ് നികത്താൻ സഹായിച്ചത് നിർമ്മാണ മേഖലയായിരുന്നു. ഏപ്രിലിൽ 1.8% ഇടിവിൽ നിന്നും ഈ മേഖല 0.7% വളർച്ച കൈവരിച്ചു. ഗതാഗത, വെയർഹൗസിങ് മേഖലകൾ മെയ് മാസത്തിൽ 0.6% നേട്ടം കൈവരിച്ചു.