ടൊറൻ്റോ : ദുർഹം മേഖലയിലുടനീളമുള്ള LCBO സ്റ്റോറുകളിൽ നടന്ന മദ്യമോഷണ പരമ്പരയിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 50,000 ഡോളർ വിലമതിക്കുന്ന മദ്യം ഇവർ വിവിധ സ്റ്റോറുകളിൽ നിന്നും മോഷ്ടിച്ചതായി ദുർഹം റീജനൽ പൊലീസ് സർവീസ് (DRPS) അറിയിച്ചു. ജൂലൈയിലാണ് അന്വേഷണം ആരംഭിച്ചത്.

മാർക്ക് മോർഗൻ (42), ബ്ലെയ്‌സ് വാൻ ഐക്ക് (38), മാത്യു ഡണ്ണിങ് (32), റസ്സൽ ഉർക്വാർട്ട് (44), മാത്യു ക്ലാർക്ക് (33), മിഷേൽ മുള്ളർ (36), ചാഡ് കാമറൂൺ (51) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ രണ്ടു പേർ ഒളിവിലാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജോനാഥൻ കാംബെൽ (34), ഏഞ്ചൽ ഗാർഡിനർ (30) എന്നിവരാണ് ഒളിവിൽ കഴിയുന്ന പ്രതികൾ. പ്രതികൾക്കെതിരെ മോഷണം, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈവശം വയ്ക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ദുർഹം റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.
