വിനിപെഗ് : മാനിറ്റോബയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടുതീ പുക മൂടിയതായി എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. കാട്ടുതീ പുക കാരണം വായുമലിനീകരണം രൂക്ഷമായതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിനിപെഗിലും പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഫ്ലിൻ ഫ്ലോൺ നഗരത്തിലും ഉയർന്ന അപകടസാധ്യത നിലനിൽക്കുന്നതായി ഏജൻസി പറയുന്നു. പടിഞ്ഞാറൻ മാനിറ്റോബയിലെ ബ്രാൻഡൻ നഗരത്തിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.

പ്രവിശ്യയിൽ 136 കാട്ടുതീകൾ സജീവമായി കത്തിപ്പടരുന്നുണ്ട്. ഇതിൽ 19 എണ്ണം നിയന്ത്രണാതീതമായി കണക്കാക്കപ്പെടുന്നു. പുക ദൃശ്യപരത കുറയാൻ കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ജനങ്ങൾ വീടിനു വെളിയിലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു.
