ഓട്ടവ : കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ കരാർ ഓഫർ നിരസിച്ച് പോസ്റ്റൽ ജീവനക്കാർ. യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിച്ചതോടെയാണ് യൂണിയൻ അംഗങ്ങളായ പോസ്റ്റൽ ജീവനക്കാർ പുതിയ ഓഫറിനെതിരെ വോട്ട് ചെയ്തതായി ക്രൗൺ കോർപ്പറേഷൻ അറിയിച്ചത്. ഏകദേശം 55,000 തപാൽ സർവീസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് ഈ ഓഫർ നിരസിക്കാൻ നിർദ്ദേശം നൽകിയിരുന്നു. തപാൽ ജീവനക്കാർക്ക് നാല് വർഷത്തേക്ക് 13 ശതമാനത്തിലധികം വേതന വർധനയും ആഴ്ചയിൽ ഏഴ് ദിവസവും ഡെലിവറി നടത്താൻ ലക്ഷ്യമിട്ടുള്ള മാറ്റങ്ങളും ഉൾപ്പെടുന്നതായിരുന്നു പുതിയ ഓഫർ. ഓഫർ നിരസിച്ചതിന് നിരാശയുണ്ടെന്ന് കാനഡ പോസ്റ്റ് വക്താവ് പറഞ്ഞു. അതേസമയം ജീവനക്കാർ ഓഫർ നിരസിച്ച സാഹചര്യത്തിൽ, ഉടൻ തന്നെ മാനേജ്‌മെന്റുമായി ബന്ധപ്പെടുകയും കരാർ ചർച്ച പുനഃരാരംഭിക്കാൻ ക്ഷണിക്കുകയും ചെയ്യുമെന്ന് യൂണിയൻ പറയുന്നു.

കാനഡ പോസ്റ്റ്-യൂണിയൻ പ്രതിസന്ധി രൂക്ഷമായതോടെ ഫെഡറൽ തൊഴിൽമന്ത്രി പാറ്റി ഹജ്ദു ഇടപെടുകയും കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിനോട് കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ ഓഫറിൽ വോട്ടെടുപ്പ് നടത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. തുടർന്ന് ജൂലൈ 21-ന് വോട്ടെടുപ്പ് ആരംഭിച്ചു.