വൻകൂവർ : അനിയന്ത്രിതമായി കത്തിപ്പടരുന്ന വെസ്ലി റിഡ്ജ് കാട്ടുതീ കാരണം വൻകൂവർ ദ്വീപിലെ ലിറ്റിൽ ക്വാലിക്കം റിവർ വില്ലേജ് നിവാസികളെ ഒഴിപ്പിക്കുന്നു. ജൂലൈ 31 ന് കാമറൂൺ തടാകത്തിന് സമീപം കണ്ടെത്തിയ വെസ്ലി റിഡ്ജ് കാട്ടുതീ ശനിയാഴ്ച രാവിലെ വരെ 245 ഹെക്ടർ വിസ്തൃതിയിൽ വളർന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു.

കാട്ടുതീ നിയന്ത്രിക്കാൻ നൂറോളം അഗ്നിശമന സേനാംഗങ്ങളും അഞ്ച് ഹെലികോപ്റ്ററുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സ്കിമ്മറുകളും എയർ ടാങ്കറുകളും ആവശ്യമാണെന്ന് ബി.സി.ഡബ്ല്യു.എസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാട്ടുതീ ലിറ്റിൽ ക്വാലിക്കം റിവർ വില്ലേജിലേക്ക് പടർന്നു പിടിച്ചതായി BCWS പറയുന്നു. ഒഴിപ്പിക്കൽ ഉത്തരവുകളും അലേർട്ടുകളും ബാധിച്ച താമസക്കാരും സന്ദർശകരും 250-390-6538 എന്ന നമ്പറിൽ വിളിക്കണമെന്ന് നനൈമോ റീജനൽ ഡിസ്ട്രിക്റ്റ് നിർദ്ദേശിച്ചു. ഒഴിപ്പിക്കുന്നവർക്കായി 747 ജോൺസ് സ്ട്രീറ്റിലെ ക്വാലിക്കം ബീച്ച് സിവിക് സെന്‍ററിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.