Wednesday, October 15, 2025

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് കേരളക്കരയിൽ നിന്നുള്ള കരിവീരനും

ടൊറൻ്റോ : കാനഡയിലെ ഏറ്റവും തിരക്കേറിയ പട്ടണത്തിലൊരു ഗജവീരനെ ഒന്നു സങ്കൽപ്പിച്ചാലോ? നെറ്റിപ്പട്ടം കെട്ടി, തലയാട്ടി, ചെവികൾ കുലുക്കി, തുമ്പിക്കൈ വീശി, വാൽ ആട്ടി… ആഹാ അന്തസ്സ്. സംഭവം ശരിയാണ്. ടൊറൻ്റോയിലേക്ക് ആന വരുന്നു. ലെവിറ്റേറ്റ് ഒരുക്കുന്ന മഹാഓണത്തിന്. യങ് ആൻഡ് ഡണ്ടാസിലെ സാങ്കോഫ സ്ക്വയറിൽ ഇക്കുറി ഈ ‘കൊമ്പനു’മുണ്ടാകും. ചെവിയാട്ടിയുള്ള നിൽപ് കണ്ടാൽ ഒരു തലയെടുപ്പുള്ള ഗജവീരന്‍റെ അതേ രൂപവും ഭാവവുമാണ് ഈ കൊമ്പനും. കേരളത്തിൽ അണിയിച്ചൊരുക്കിയ ‘കൊമ്പൻ’ കൊച്ചിയിൽ നിന്ന് എത്തിക്കഴിഞ്ഞു. സെപ്റ്റംബർ ഏഴിന് മഹാഓണത്തിന് ചാരുതയേകാനുള്ള വരവാണിതെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു.

പ്രൗഢിയുടെയും പ്രതാപത്തിന്‍റെയും പ്രതീകമായി ഒരുകാലത്ത് എഴുന്നള്ളിപ്പുകളിലെ നിറസാന്നിധ്യമായിരുന്ന ഗജശ്രേഷ്ഠൻ കാച്ചാംകുറിശ്ശി കേശവന്‍റെ മട്ടും ഭാവത്തിലുമാണ് ഇതിനെ നിർമിച്ചിരിക്കുന്നത്. ആനച്ചന്തത്തിന്‍റെ മകുടോദാഹരണമായ കാച്ചാംകുറിശ്ശി കേശവനെ അനുസ്മരിപ്പിക്കുന്ന ഈ ‘കൊമ്പന്’എട്ട് അടി ഉയരവും പന്ത്രണ്ട് അടി നീളവും ഏഴടിയോളം വീതിയുമുള്ള ഈ യന്ത്രവൽകൃത കൊമ്പന്‍റെ ചെവി, കണ്ണും തുമ്പിക്കൈയും വാലുമൊക്കെ അനങ്ങും. ഫൈബറിലും തുണിയിലും റബറിലുമൊക്കെയാണ് ഒറിജിനലിനെ വെല്ലുന്ന ‘കൊമ്പ’നെ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞവർഷം മുപ്പതിനായിരത്തിലേറെ കാണികളെ ആകർഷിച്ച ലെവിറ്റേറ്റിന്‍റെ മഹാഓണം കൂടുതൽ പുതുമകളോടെയാകും ഇത്തവണ ആഘോഷിക്കുകയെന്ന് സംഘാടകർ തുടക്കത്തിലെ അറിയിച്ചിരുന്നു.

ചെണ്ടമേളവും തിരുവാതിര ഉൾപ്പെടെയുള്ള നൃത്തപരിപാടികളും സംഗീതവും ഡിജെയുമെല്ലാമായി ഒരുദിവസം മുഴുവൻ നീളുന്ന ആഘോഷം. ഇതിന്‍റെ ഭാഗമാണ് മഹാകൊമ്പൻ. കേരളത്തിന്‍റെ വിളവെടുപ്പ് ഉൽസവവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും ആഘോഷങ്ങളുമെല്ലാം കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ടൊറൻ്റോയുടെ തിരുമുറ്റത്ത് ഒരുക്കിയ മഹാഓണം വടക്കൻ അമേരിക്കയിലെതന്നെ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയായി മാറിയിരുന്നു. കാനഡയിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികൾ നടക്കുന്ന വേദിയിൽ മലയാളികളുടേതായ കന്നി പരിപാടിയുമായിരുന്നു. രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്‍റർടെയ്ൻമെൻ്റിന് തുടക്കംകുറിച്ചത്. കഴിഞ്ഞതവണ മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ഒരുക്കിയത്.

കലാപരിപാടികൾ അവതരിപ്പിക്കാൻ അമേരിക്കയിൽനിന്നുൾപ്പെടെ പ്രതീക്ഷിച്ചതിലുമേറെ അപേക്ഷകൾ ലഭിച്ചതിനാൽ ഇവ വിലയിരുത്തി മികച്ചവ തിരഞ്ഞെടുക്കുക പ്രമുഖ സിനിമാ സംവിധായകൻ കെ. മധുവിന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ്. കഴിഞ്ഞതവണ മഹാഓണം വേദിയിൽ എത്തിയ കെ. മധു പരിപാടികൾ ആസ്വദിക്കുകയും സംഘാടനമികവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

മുഖ്യപ്രായോജകരായി ലെംഫൈ, ഗ്രീസ് മല്ലു, റിയൽറ്റർ ജെഫിൻ വാലയിൽ ജോസഫ്, കോസ്കോ, എൽട്രോണോ, മൊണാക്കോ ബിൽഡേഴ്സ്, യോക് ഇമിഗ്രേഷൻ, മീ സ്മൈൽസ്, ഗോൾഡ് മാക്സ്, ലിസ, റോയൽ കേരള ഫുഡ്സ്, എൻഡി പ്രഫഷനൽസ്, സെൻ്റ് ജോസഫ്സ് ഡെന്‍റൽ ക്ളിനിക്, കൊക്കാടൻസ് ഗ്രൂപ്പ് തുടങ്ങിയവർ ഒപ്പം ചേർന്നിട്ടുണ്ട്. സ്പോൺസർഷിപ്പിന് ഇനിയും അവസരമുണ്ടെന്നും വടക്കൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മഹാഓണം പരിപാടിയിൽ സഹകരിക്കുന്നതിലൂടെ സംരംഭകർക്കും സംരംഭങ്ങൾക്കും കൂടുതൽ മലയാളികളിലേക്ക് എത്താനുള്ള അവസരമാണിതെന്നും സംഘാടകർ പറയുന്നു. റസ്റ്ററന്റുകൾക്കും മറ്റും സ്റ്റാളുകൾ ഒരുക്കുന്നതിനും അവസരമുണ്ട്. ഡിജിറ്റൽ ഡിസ്പ്ളേകളാൽ സമ്പന്നമായ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും ലെവിറ്റേറ്റിന്‍റെയും മഹാഓണത്തിന്‍റെയും വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ് : www.mahaonam.ca
ഫോൺ : 647-781-4743
ഇമെയിൽ : contact@levitateinc.ca

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!