ടൊറൻ്റോ : നഗരത്തിലെ വായുഗുണനിലവാരം നിലവിൽ ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് സ്വിസ് എയർ ക്വാളിറ്റി ട്രാക്കർ IQAir റിപ്പോർട്ട്. കാട്ടുതീയിൽ നിന്നുള്ള പുക ആകാശത്തെ മൂടിയതോടെ ലോകത്തിലെ ഏറ്റവും മലിനമായ പ്രധാന നഗരങ്ങളിൽ മൂന്നാമതായി ടൊറൻ്റോ സ്ഥാനം പിടിച്ചു. കാനഡയിലെ മറ്റൊരു പ്രധാന നഗരമായ മൺട്രിയോൾ പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി.

കാട്ടുതീ പുക തെക്കൻ ഒൻ്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ബാധിക്കുമെന്നും ചൊവ്വാഴ്ച വരെ നിലവിലെ അവസ്ഥ തുടരുമെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കാട്ടുതീ മൂലമുണ്ടാകുന്ന പുക മൂലമുള്ള വായുഗുണനിലവാരവും ദൃശ്യപരതയും ഓരോ പ്രദേശങ്ങളിലും വ്യത്യാസപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. പുകയുടെ അളവ് വർധിക്കുന്നതിനനുസരിച്ച് ആരോഗ്യ അപകടസാധ്യതകളും വർധിക്കുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. കാട്ടുതീ പുകയില അടങ്ങിയിരിക്കുന്ന സൂക്ഷ്മകണികകൾ കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥത, തലവേദന, ചുമ എന്നിവയ്ക്ക് കാരണമാകും. എന്നാൽ, ശ്വാസതടസ്സം, നെഞ്ചുവേദന, ശക്തമായ ചുമയ്ക്കും കാട്ടുതീ പുക ശ്വസിക്കുന്നത് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.