ഓട്ടവ : ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന അതിർത്തി നിയന്ത്രണങ്ങൾ കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള യാത്രകൾ താൽക്കാലികമായി നിർത്തി ഗേൾ ഗൈഡ് ഓഫ് കാനഡ. സെപ്റ്റംബർ 1 മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്നും 5 മുതൽ 17 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കായുള്ള സംഘടന അറിയിച്ചു. എത്ര നാളത്തേക്ക് നടപടി തുടരുമെന്ന് ഗേൾ ഗൈഡ് ഓഫ് കാനഡ വ്യക്തമാക്കിയിട്ടില്ല. എന്നാൽ മുമ്പ് അംഗീകരിച്ച യാത്രകൾ ഉൾപ്പെടുന്നുവെന്നും സംഘടന പറയുന്നു.

മുമ്പ് അംഗീകരിച്ച യാത്രകൾ റദ്ദാക്കാതെ പകരം മറ്റു രാജ്യങ്ങളിലേക്ക് യാത്ര ഒരുക്കുമെന്നും യുവജന സംഘടന അറിയിച്ചു. യുഎസിൽ “തുല്യ പ്രവേശനത്തിന്” ഏർപ്പെടുത്തിയ സമീപകാല നിയന്ത്രണങ്ങളാണ് ഈ മാറ്റത്തിന് കാരണമായതെന്ന് ഗേൾ ഗൈഡ് ഓഫ് കാനഡ പറയുന്നു. കാനഡയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരത്വമുള്ള ചില അംഗങ്ങളെ ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ നിയമങ്ങൾ ബാധിച്ചേക്കാമെന്നും സംഘടന വ്യക്തമാക്കി. ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ലിബിയ എന്നിവയുൾപ്പെടെ 12 പ്രധാന ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഏർപ്പെടുത്തിയ യാത്രാ നിരോധനത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ജൂണിൽ ഒപ്പുവെച്ചിരുന്നു.

അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശിക്കുമ്പോൾ “സാധാരണ സുരക്ഷാ മുൻകരുതലുകൾ” എടുക്കാൻ ഏപ്രിലിൽ കനേഡിയൻ ഗവൺമെൻ്റ് പൗരന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. കൂടാതെ ബോർഡർ ക്രോസിങ് കേന്ദ്രങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന ഉൾപ്പെടെ സൂക്ഷ്മപരിശോധന പ്രതീക്ഷിക്കണമെന്നും ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.