കെബെക്ക് സിറ്റി : പാർട്ടി കെബെക്ക്വസും കെബെക്ക് കൺസർവേറ്റീവ് പാർട്ടിയും ഇഞ്ചോടിഞ്ച് പോരാടുന്ന അർതബാസ്ക ഉപതിരഞ്ഞെടുപ്പിൽ വോട്ടിങ് ആരംഭിച്ചു. പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയ്ക്ക് വേണ്ടി ഫെഡറൽ രാഷ്ട്രീയത്തിലേക്ക് മാറിയ കോളിഷൻ അവെനിർ കെബെക്ക് (സിഎക്യു) എംഎൻഎ എറിക് ലെഫെബ്വ്രെ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. 2012 മുതൽ ഭരണകക്ഷിയായ അവെനിർ കെബെക്ക് കൈവശം വയ്ക്കുന്ന അർതബാസ്ക റൈഡിങ്ങിൽ മുൻകൂർ വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു.

ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന കെബെക്ക് കൺസർവേറ്റീവ് പാർട്ടി ലീഡർ എറിക് ഡുഹൈം, കെവൻ ബ്രസ്സൂർ (സിഎക്യു), ചാന്റേൽ മാർചാൻഡ് (കെബെക്ക് ലിബറലുകൾ), അലക്സ് ബോസ്നോ (പാർട്ടി കെബെക്ക്വ), പാസ്കൽ ഫോർട്ടിൻ (കെബെക്ക് സോൾഡയർ) തുടങ്ങിയവരാണ് പ്രധാന മത്സരാർത്ഥികൾ.