ഹാലിഫാക്സ് : വനങ്ങളിലെ യാത്രാ, വിനോദ പ്രവർത്തനങ്ങൾക്കുള്ള നിരോധനം ലംഘിച്ചതിന് നിരവധി പേർക്ക് പിഴ ചുമത്തിയതായി നോവസ്കോഷ പ്രകൃതിവിഭവ വകുപ്പ്. പ്രവിശ്യയിലുടനീളം ചൂടും വരണ്ട കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 5-ന് നിരോധനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച വേനൽചൂട് കടുത്തതോടെ പൂർണ്ണ നിരോധനം പ്രാബല്യത്തിൽ വന്നു. നിരോധനം ലംഘിക്കുന്നവർക്ക് 25,000 ഡോളർ പിഴ ചുമത്തുമെന്നും DNR-ലെ ഫോറസ്റ്റ് പ്രൊട്ടക്ഷൻ മാനേജർ സ്കോട്ട് ടിംഗ്ലി അറിയിച്ചു. നിരോധന ലംഘനത്തിന് ആറ് പേർക്ക് പിഴ ചുമത്തിയതായി അദ്ദേഹം പറഞ്ഞു.

വിദൂര ഗ്രാമപ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്നും സ്കോട്ട് ടിംഗ്ലി കൂട്ടിച്ചേർത്തു. അതേസമയം വനങ്ങളിൽ തുടരുന്ന നിയന്ത്രണങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരോധനം ആവശ്യമാണെന്ന് ചിലർ പറയുമ്പോൾ, കനേഡിയൻ കോൺസ്റ്റിറ്റ്യൂഷൻ ഫൗണ്ടേഷൻ പോലുള്ള മറ്റുള്ളവർ, നിരോധനം ജനങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ലംഘിക്കുന്നതായി അഭിപ്രായപ്പെടുന്നു.