ഓട്ടവ : എക്സ്പ്രസ് എൻട്രി വഴി സ്ഥിര താമസത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻകൂർ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. ആരോഗ്യ സംരക്ഷണത്തിന്‍റെ ചെലവ് ദേശീയ ശരാശരിയുടെ മൂലധന ചെലവിന്‍റെ മൂന്നിരട്ടിയിൽ കൂടുതലായതോടെയാണ് നടപടി. ഈ പുതിയ മാനദണ്ഡങ്ങൾ ഓഗസ്റ്റ് 21 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം ഓഗസ്റ്റ് 21 സമർപ്പിച്ച അപേക്ഷകളെ ഈ മാറ്റം ബാധിക്കില്ല. കൂടാതെ എക്സ്പ്രസ് എൻട്രി അല്ലാത്ത സ്ഥിര താമസ അപേക്ഷകളെ ഈ മാറ്റം ബാധിക്കില്ലെന്നും ഐആർസിസി അറിയിച്ചു. മുമ്പ്, അപേക്ഷകർ സ്ഥിര താമസത്തിനുള്ള അപേക്ഷ പൂർണ്ണമായി സമർപ്പിക്കുകയും, തുടർന്ന് ഐആർസിസിയുടെ നിർദ്ദേശാനുസരണം ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കുകയായിരുന്നു പതിവ്.

സ്ഥിര താമസ അപേക്ഷയിലെ പ്രധാന അപേക്ഷകനും അവരുടെ കുടുംബാംഗങ്ങളും മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം. പ്രമേഹം പോലുള്ള ഏതെങ്കിലും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ, ചില പകർച്ചവ്യാധികൾ എന്നിവയുള്ളവരുടെ അപേക്ഷകൾ നിരസിച്ചേക്കാം. അപേക്ഷകർ IRCC അംഗീകരിച്ച പ്രൊവഡർമാരുമായി ഇമിഗ്രേഷൻ മെഡിക്കൽ പരിശോധനകൾ (IME-കൾ) ഷെഡ്യൂൾ ചെയ്തിരിക്കണം.