ഓട്ടവ : ലോറൻസ് ബിഷ്‌ണോയി ഗാങ്ങിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു. ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഗോൾഡി ധില്ലൺ, ഇന്ത്യൻ കൊമേഡിയൻ കപിൽ ശർമ്മയുടെ ബ്രിട്ടിഷ് കൊളംബിയ സറേയിലെ കഫേ വീണ്ടും ആക്രമിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി, ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്, സറേ, ബ്രാംപ്ടൺ മേയർമാർ എന്നിവരെല്ലാം ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി മുദ്രകുത്തണമെന്ന് ഫെഡറൽ സർക്കാരിനോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. കപിൽ ശർമ്മയുടെ കഫേ ഒരു മാസത്തിനുള്ളിൽ രണ്ടുതവണയാണ് ബിഷ്‌ണോയി സംഘം ആക്രമിച്ചത്. ജൂലൈ 9-ന് ആക്രമണം നേരിട്ട കപിൽ ശർമ്മയുടെ കാപ്‌സ് കഫേ കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും ആക്രമിക്കപ്പെട്ടു.

കാനഡയിലുടനീളം ബിഷ്‌ണോയി സംഘത്തിന്‍റെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തീവ്രവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കൺസർവേറ്റീവ് എംപി ഫ്രാങ്ക് കപുട്ടോ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരിക്ക് എഴുതിയ കത്തിൽ പറഞ്ഞു. ദക്ഷിണേഷ്യൻ കനേഡിയൻമാരുൾപ്പെടെ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ലോറൻസ് ബിഷ്‌ണോയി സംഘം ഉത്തരവാദികളാണെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വർധിച്ചു വരുന്ന ആക്രമണങ്ങൾക്ക് പിന്നിലും ഈ സംഘമാണ്, എംപി ഫ്രാങ്ക് കപുട്ടോ അറിയിച്ചു.