മൺട്രിയോൾ : ശനിയാഴ്ച മുതൽ ഫ്ലൈറ്റ് അറ്റൻഡൻ്റുകളുടെ പണിമുടക്ക് പ്രതീക്ഷിക്കുന്നതിനാൽ വിമാന സർവീസുകൾ ക്രമേണ നിർത്തിവയ്ക്കുമെന്ന് എയർ കാനഡ അറിയിച്ചു. വ്യാഴാഴ്ച കുറച്ചു വിമാനങ്ങൾ റദ്ദാക്കുമെന്നും വെള്ളിയാഴ്ച കൂടുതൽ വിമാനങ്ങൾ റദ്ദാക്കുമെന്നും വാരാന്ത്യത്തോടെ എയർ കാനഡയും എയർ കാനഡ റൂഷും പൂർണ്ണമായി സർവീസ് നിരത്തലാക്കുമെന്നും എയർലൈൻ വ്യക്തമാക്കി. അതേസമയം ജാസും പിഎഎൽ എയർലൈൻസും നടത്തുന്ന എയർ കാനഡ എക്സ്പ്രസ് വിമാനങ്ങൾ സാധാരണപോലെ സർവീസ് തുടരും. ഏകദേശം 10,000 എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയൻ ബുധനാഴ്ച 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകി. ഇതിന് മറുപടിയായി എയർലൈൻ ലോക്കൗട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുമെന്നും അവർക്ക് റീഫണ്ട് നൽകുമെന്നും എയർ കാനഡ അറിയിച്ചു. ബദൽ യാത്രാ മാർഗ്ഗങ്ങൾ യാത്രക്കാർക്ക് നൽകുന്നതിനായി മറ്റ് കനേഡിയൻ, വിദേശ വിമാനക്കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും എയർ കാനഡ ചീഫ് എക്സിക്യൂട്ടീവ് മൈക്കൽ റൂസോ പറഞ്ഞു.