കാലിഫോർണിയ : മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നു. ലോഗിൻ ചെയ്യുന്നതിലും, ആപ്പ് ഉപയോഗിക്കുന്നതിലും, വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിലും പലർക്കും പ്രശ്‌നങ്ങൾ നേരിട്ടു. തടസ്സം തുടരുകയാണ്, മെറ്റാ ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല.

ഡൗൺഡിറ്റക്ടർ പറയുന്നതനുസരിച്ച്, വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഫേസ്ബുക്ക് തകരാറുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, പ്രാദേശിക സമയം പുലർച്ചെ 3:45 ഓടെയാണ് ആദ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്, രാവിലെ വരെ പരാതികൾ തുടർന്നു. പ്രാരംഭ ഘട്ടത്തിൽ മുന്നൂറ്റി അമ്പതിലധികം ഉപയോക്താക്കൾ പരാതി രേഖപ്പെടുത്തി. റിപ്പോർട്ട് പ്രകാരം 50% ഉപയോക്താക്കളും ഫേസ്ബുക്ക് ആപ്പിൽ പ്രശ്നങ്ങൾ നേരിടുന്നു. മറ്റൊരു 31% പേർക്ക് വെബ്‌സൈറ്റിൽ പ്രശ്‌നങ്ങളുണ്ട്. അതേസമയം 19% പേർ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തു. ചില സാഹചര്യങ്ങളിൽ, ഉപയോക്താക്കൾക്ക് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാനോ, ടൈംലൈനുകൾ കാണാനോ, സന്ദേശങ്ങൾ അയയ്ക്കാനോ സാധിക്കുന്നില്ല.