ഓട്ടവ : ഫ്ലൈറ്റ് അറ്റൻഡൻ്റുകളുടെ പണിമുടക്ക് ആരംഭിക്കാനിരിക്കെ നടന്ന എയർ കാനഡയുടെ പത്രസമ്മേളനം തടസ്സപ്പെടുത്തി ഫ്ലൈറ്റ് അറ്റൻഡൻ്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയൻ. “അൺഫ് എയർ കാനഡ”, “ശമ്പളമില്ലാതെ പറക്കില്ല” തുടങ്ങിയ ബാനറുകൾ ഉയർത്തിയാണ് യൂണിയൻ അംഗങ്ങൾ പ്രതിഷേധിച്ചത്.

യൂണിയനുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ ശനിയാഴ്ചയോടെ എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കുമെന്ന് വാർത്താ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് എയർലൈൻ വെളിപ്പെടുത്തി. ഇന്ന് രാത്രി പുറപ്പെടേണ്ട ചില ദീർഘദൂര വിമാനങ്ങൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പൂർണ്ണമായി സർവീസ് നിർത്തലാക്കുമെന്നും 500 യാത്രകൾ റദ്ദാക്കാൻ പദ്ധതിയിടുന്നതായും എയർ കാനഡ അറിയിച്ചു. അതേസമയം വിദേശത്തുള്ളവർ അടക്കം ആയിരക്കണക്കിന് കനേഡിയൻ യാത്രക്കാർ ഉൾപ്പെടെ പ്രതിദിനം ഏകദേശം 130,000 ഉപയോക്താക്കളെ ഈ തടസ്സം ബാധിക്കുമെന്ന് എയർ കാനഡ എക്സിക്യൂട്ടീവുകൾ വ്യാഴാഴ്ച വിശദീകരിച്ചു. നിലവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് പൂർണ്ണമായ റീഫണ്ടിന് അർഹതയുണ്ടാകുമെന്നും മറ്റ് കനേഡിയൻ, വിദേശ വിമാനക്കമ്പനികളുമായി ചേർന്ന് ബദൽ യാത്രാ മാർഗ്ഗങ്ങൾ നൽകുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും എയർ കാനഡ അറിയിച്ചിരുന്നു.