വൻകൂവർ : ന്യൂനമർദ്ദത്തെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ തെക്കൻ തീരത്ത് കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. മെട്രോ വൻകൂവറിന്‍റെ ചില ഭാഗങ്ങളിലും ലോവർ സൺഷൈൻ കോസ്റ്റ്, ഹോവ് സൗണ്ട് മേഖലകളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. കാറ്റും മഴയും പകൽ മുഴുവൻ ശക്തമാകുമെന്നും ഉയർന്ന സ്ഥലങ്ങളിൽ 80 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സൺഷൈൻ കോസ്റ്റിൽ വൈകുന്നേരത്തോടെയും കിഴക്കൻ മെട്രോ വാൻകൂവറിൽ അർദ്ധരാത്രിക്ക് ശേഷവും മഴ കുറയും. അതേസമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മഴ വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടസാധ്യത വർധിക്കുന്നതായി ഏജൻസി മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ നദികളിലെയും അരുവികളിലെയും ജലനിരപ്പ് വേഗത്തിൽ ഉയരുന്നതിനാൽ ഇവയ്ക്ക് സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്നും എൻവയൺമെൻ്റ് കാനഡ നിർദ്ദേശിച്ചു.