ഹാലിഫാക്സ് : കേരളത്തിന്‍റെ സാംസ്കാരികവും പൈതൃകവുമായ തനത് കലാരൂപങ്ങളെ കോർത്തിണക്കി നോവസ്കോഷ ഹാലിഫാക്സിൽ “കേരള ഫെസ്റ്റ് 2025” ആഘോഷിക്കുന്നു. ഹാലിഫാക്സ് ഹോളിഫാമിലി സീറോ മലബാർ കാത്തലിക്ക് ഇടവകയുടെ നേതൃത്വത്തിലുള്ള കേരള ഫെസ്റ്റ് 2025 ഓഗസ്റ്റ് 17 ഞായറാഴ്ച ഹാലിഫാക്സിലെ ആഫ്രിക്കവിൽ പാർക്കിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ച് വരെയാണ് നടക്കുക.

ധ്വനി ചെണ്ട മേളം, പുലികളി, ഭരതനാട്യം, മാർഗ്ഗംകളി, തിരുവാതിര, ഒപ്പന, ദഫ് മുട്ട്, നാടൻപാട്ട്, പിയാനോ, സോളോ സോങ് എന്നിവ കേരള ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ടീം നൃത്ത്യ സാഗരത്തിന്‍റെ ഭരതനാട്യം, ടീം ദിവ്യ ശക്തിയുടെ കേരളനടനം, അഗ്നി ഡാൻസേഴ്സിന്‍റെ സെമി ക്ലാസിക്കൽ നൃത്തങ്ങൾ, ആരോഹയുടെ ഫാഷൻ പരേഡ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിക്കാം. കൂടാതെ തനതായ കേരളീയ ഭക്ഷണങ്ങൾ അടങ്ങിയ ഫുഡ് സ്റ്റാൾ, കുട്ടികൾക്കായി പ്രത്യേക മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ചെത്തുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന മൂന്ന് പേർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. പ്രവേശനം സൗജന്യം. റിയൽറ്റർ ആൻ മാത്യു (KW Select Realty) ആണ് പരിപാടിയുടെ മെഗാസ്പോൺസർ. കൂടുതൽ വിവരങ്ങൾക്ക് : 705-970-7462.