വൻകൂവർ : വൻകൂവർ ദ്വീപിൽ നിയന്ത്രണാതീതമായി കത്തിക്കൊണ്ടിരിക്കുന്ന മൗണ്ട് അണ്ടർവുഡ് കാട്ടുതീ 34 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ പടർന്നതായി ബിസി വൈൽഡ് ഫയർ സർവീസ് അറിയിച്ചു. സമീപ നഗരമായ പോർട്ട് ആൽബെർണിയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ത്സെഷാഹ്ത് ഫസ്റ്റ് നേഷനിലും കോവിച്ചൻ വാലി റീജനൽ ഡിസ്ട്രിക്റ്റിന്‍റെ ചില ഭാഗങ്ങളിലും അടിയന്തരാവസ്ഥ ബാധകമായിരിക്കും. ബ്രിട്ടിഷ് കൊളംബിയയിലുടനീളമുള്ള ഏകദേശം 90 കാട്ടുതീകൾ സജീവമായി തുടരുന്നുണ്ട്. ഇതിൽ അഞ്ചെണ്ണം നിയന്ത്രണാതീതമാണ്.

കാട്ടുതീ ബാംഫീൽഡ് കമ്മ്യൂണിറ്റിയിലേക്കുള്ള വൈദ്യുതിയും റോഡ് പ്രവേശനവും വിച്ഛേദിക്കുന്നതിനും കാരണമായി. തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ കാരണം ബാംഫീൽഡിലും പരിസരത്തുമായി അഞ്ഞൂറിലധികം വീടുകളെയും വ്യാപാരസ്ഥാപനങ്ങളെയും ബാധിച്ച വൈദ്യുതി തടസ്സം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഉൾനാടൻ പ്രദേശങ്ങളിലും കിഴക്കൻ വാൻകൂവർ ദ്വീപിലും സൺഷൈൻ കോസ്റ്റിലും വടക്കൻ ഗൾഫ് ദ്വീപുകളിലും കാട്ടുതീ പുക പടരുമെന്നും വായുഗുണനിലവാരം മോശമാകുമെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുക കാരണം ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ 811 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വൻകൂവർ ദ്വീപ് ആരോഗ്യ അതോറിറ്റി നിർദ്ദേശിച്ചു.