ഓട്ടവ : അമിതമായി ചൂടായി തീപിടിക്കാൻ സാധ്യതയുള്ളതിനാൽ പവർ ബാങ്കുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. കാനഡയിലെ ആമസോണും ഹോം ഡിപ്പോയും വഴി വിറ്റഴിച്ച 2G505B, 2G512B, 2G520 എന്നീ മോഡൽ നമ്പറുകളുള്ള ESR ഹാലോലോക്ക് വയർലെസ് പവർ ബാങ്കാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. കാനഡയിൽ 2023 സെപ്റ്റംബർ മുതൽ 2025 ജൂലൈ വരെ amazon.ca, homedepot.ca എന്നിവ വഴി 9,743 പവർ ബാങ്കുകൾ വിറ്റഴിച്ചതായി ഏജൻസി അറിയിച്ചു.

പവർ ബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററി അമിതമായി ചൂടാകുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യും, ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. ജൂലൈ 29 വരെ, പവർ ബാങ്കുമായി ബന്ധപ്പെട്ട് കാനഡയിൽ 5 തീപിടുത്ത റിപ്പോർട്ടുകൾ കമ്പനിക്ക് ലഭിച്ചു. എന്നാൽ, ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഉപയോക്താക്കൾ ഉടൻ തന്നെ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തി പൂർണ്ണ റീഫണ്ടിനായി വേമീറ്റ് ലിമിറ്റഡുമായി ബന്ധപ്പെടണം, ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. വേമീറ്റ് ലിമിറ്റഡിനെ 1-888-990-0280 എന്ന നമ്പറിലോ support@esrtech.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.