ഓട്ടവ : കാനഡയിലുടനീളമുള്ള വീടുകളുടെ വിൽപ്പന ജൂലൈയിൽ ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് 6.6% വർധിച്ചതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) റിപ്പോർട്ട് ചെയ്തു. ഭവന നിർമ്മാണത്തിൽ ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന, പണപ്പെരുപ്പ പ്രതിസന്ധിക്ക് ശേഷമുള്ള കുതിപ്പ് കാനഡയിലുടനീളം പ്രകടമായതായി CREA മുതിർന്ന സാമ്പത്തിക വിദഗ്ധൻ ഷോൺ കാത്ത്കാർട്ട് പറയുന്നു.

ജൂൺ മാസത്തെ അപേക്ഷിച്ച് ഭവന വിൽപ്പന 3.8 ശതമാനവും വർധിച്ചിട്ടുണ്ട്. മാർച്ച് മുതൽ ഇടപാടുകളിൽ മൊത്തം 11.2% വർധനയും രേഖപ്പെടുത്തി. കഴിഞ്ഞ മാസം 40,228 വിൽപ്പനകൾ ഉണ്ടായതായി CREA പറയുന്നു. ജൂണിൽ ഇത് 38,737 ആയിരുന്നു. പുതിയ ലിസ്റ്റിങ്ങുകൾ പ്രതിമാസം 0.1 ശതമാനം വർധിച്ചതായും അസോസിയേഷൻ പറയുന്നു. ജൂലൈ അവസാനത്തോടെ കാനഡയിലുടനീളം വിൽപ്പനയ്ക്കായി 202,500 പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം മുമ്പത്തേതിനേക്കാൾ 10.1% കൂടുതലാണിത്. ഒരു വർഷം മുമ്പത്തേതിനേക്കാൾ 0.6% വർധിച്ച് ജൂലൈയിൽ വീടുകളുടെ വില 672,784 ഡോളറായി.