സെൻ്റ് ജോൺസ് : അറ്റ്ലാൻ്റിക് കാനഡയിലുടനീളം കാട്ടുതീ പടരുന്നതിനാൽ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. നിയന്ത്രണാതീതമായി കത്തുന്ന കിങ്സ്റ്റൺ കാട്ടുതീ കാരണം ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ബേ ഡി വെർഡെ പെനിൻസുലയിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ ഏകദേശം 90 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ പടർന്നു പിടിച്ച കാട്ടുതീ പ്രവിശ്യയിലെ ജോബ്‌സ് കോവ് കമ്മ്യൂണിറ്റിയെ ബാധിച്ചിട്ടുണ്ട്.

നോവസ്കോഷയിൽ, ഇടിമിന്നൽ മൂലമുണ്ടായ കാട്ടുതീയെ തുടർന്ന് വ്യാഴാഴ്ച രാത്രി അന്നാപൊളിസ് കൗണ്ടി വെസ്റ്റ് ഡൽഹൗസി പ്രദേശത്ത് ഒഴിപ്പിക്കൽ ഉത്തരവ് നൽകി. ഏകദേശം മൂന്ന് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാട്ടുതീ, നിലവിൽ പ്രവിശ്യയിലുടനീളം കത്തുന്ന 11 എണ്ണത്തിൽ ഒന്നാണ്. മിറാമിച്ചിക്കടുത്ത് നിയന്ത്രണാതീതമായ ഒരു തീപിടുത്തം ഉൾപ്പെടെ ന്യൂബ്രൺസ്വിക്കിലും കാട്ടുതീ ആളിപ്പടരുകയാണ്. ഓഗസ്റ്റ് 6 ന് കണ്ടെത്തിയ ഈ കാട്ടുതീ ഏകദേശം 14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുപിടിച്ചിട്ടുണ്ട്.