ഓട്ടവ : ഉപയോഗത്തിനിടെ കുപ്പി പൊട്ടിത്തെറിച്ച് പരുക്കേറ്റതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് കാനഡയിലും യുഎസിലും ഡ്രിങ്ക്മേറ്റിന്‍റെ 1L കാർബണേഷൻ വാട്ടർ ബോട്ടിൽ തിരിച്ചുവിളിച്ചു. ഉപയോഗസമയത്ത് അധിക സമ്മർദ്ദം മൂലം കുപ്പി പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും ഉപയോക്താക്കൾക്കും സമീപത്തുള്ളവർക്കും പരുക്കുകളും മുറിവുകളും ഉണ്ടാകുമെന്നും ഹെൽത്ത് കാനഡയും യുഎസ് കൺസ്യൂമർ ആൻഡ് പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനും (യുഎസ്‌സിപിഎസ്‌സി) അറിയിച്ചു.

2023 ഏപ്രിലിനും 2024 ഒക്ടോബറിനും ഇടയിൽ കാനഡയിൽ Amazon.ca, Shopify.ca, Bestbuy.ca എന്നിവ വഴി ഏകദേശം 5,000 കുപ്പികൾ ഓൺലൈനായി വിറ്റഴിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. അതേസമയം യുഎസിൽ iDrinkproducts.com, Walmart.com, Amazon.com, Target.com എന്നിവ വഴി 101,582 യൂണിറ്റുകൾ ഓൺലൈനായി വിറ്റഴിക്കപ്പെട്ടുവെന്ന് തിരിച്ചുവിളിക്കൽ അറിയിപ്പിൽ പറയുന്നു. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തി ഉപേക്ഷിക്കണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. റീഫണ്ടിനും പകരം വാട്ടർ ബോട്ടിൽ ലഭിക്കുന്നതിനുമായി ഉപഭോക്താക്കൾക്ക് ഒരു റീകോൾ ഫോം പൂരിപ്പിച്ച് നൽകണമെന്ന് ഏജൻസി അറിയിച്ചു.