ഓട്ടവ : ക്രൗൺ കോർപ്പറേഷൻ നിർദ്ദേശിച്ചതിനെക്കാൾ ഉയർന്ന വേതനം തേടി പുതിയ ഓഫറുകൾ അവതരിപ്പിച്ചതായി കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് അറിയിച്ചു. ഈ മാസം ആദ്യം നടന്ന വോട്ടെടുപ്പിൽ യൂണിയൻ അംഗങ്ങളായ പോസ്റ്റൽ ജീവനക്കാർ കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ ഓഫറുകൾ നിരസിച്ചിരുന്നു. ഇന്ന് രാവിലെ യൂണിയൻ കാനഡ പോസ്റ്റുമായി കരാർ ചർച്ച പുനഃരാരംഭിച്ചിരുന്നു.

കരാറിന്‍റെ ആദ്യ വർഷത്തിൽ ഒമ്പത് ശതമാനം വേതന വർധനയും രണ്ടാം വർഷത്തിൽ നാല് ശതമാനവും തുടർന്ന് മൂന്ന്, നാല് വർഷങ്ങളിൽ മൂന്ന് ശതമാനം വർധനയും പുതിയ ഓഫറിൽ ഉൾപ്പെടുന്നതായി യൂണിയൻ അറിയിച്ചു. ഏറ്റവും പുതിയ ഓഫറുകൾ തപാൽ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നവയാണെന്നും യൂണിയൻ പറയുന്നു. മെയ് അവസാനം കാനഡ പോസ്റ്റ് മുന്നോട്ടുവെച്ച ഏറ്റവും പുതിയ ഓഫറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള നാല് വർഷത്തിനിടെ ഏകദേശം 13% വേതന വർധനയെ അപേക്ഷിച്ച് യൂണിയൻ ഓഫർ വളരെ കൂടുതലാണ്.